കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സംസ്ഥാന ശിശുക്ഷേമ സമതിയുടെ അമ്മത്തൊട്ടിലിൽ ചൊവാഴ്ച രാത്രി ഒൻപത് മണിക്ക് ഒരു ആൺകുഞ്ഞ് കൂടി എത്തി. 2.970 കിലോഗ്രാം ഭാരവും 5 ദിവസം പ്രായവും ഉള്ള ഈ കുരുന്നിന് “ആഗ്‌നേയ്” എന്ന് പേരിട്ടു. ഈ അമ്മത്തൊട്ടിലിലെ ഏഴാമത്തെ കുരുന്നാണ് ആഗ്‌നേയ്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി ഈ വിവരം അറിയിച്ചു.

പതിവുപോലെ തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്സിംഗ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്റർ കെയർ യൂണിറ്റിലേക്ക് മാറ്റി പ്രഥമ പരിശോധനകൾ നടത്തി. തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് കുരുന്നിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. പൂർണ്ണ ആരോഗ്യവാനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്. ആദ്യം എത്തിയ കുരുന്നിന് “ആദി” എന്നും, രണ്ടാമത്തെയാൾക്ക് “ഹെർത്ത്യൂസ്” എന്നും, മൂന്നാമത്തെയാള് “നിലാവ്” എന്നും, നാലാമത്തെയാള് “ആരവി” എന്നും, അഞ്ചാമത്തെയാള് “നിരവി” എന്നും, ആറാമത്തെയാള് “കനിവ്” എന്നും പേരിട്ടിരുന്നു.

പുതിയ കുരുന്നിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ, കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമായി പ്രവർത്തിക്കുന്നതാണ്. അമ്മത്തൊട്ടിലിലൂടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ടാണ് ആരംഭിച്ചത്. ഈ സംവിധാനം വഴി കുട്ടികളുടെ ജീവൻ രക്ഷിക്കപ്പെടുകയും അവരെ നിയമപരമായ സംരക്ഷണത്തിലാക്കുകയും ചെയ്യുന്നു.

Photo and News Source: Kairali News