തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിട്ട സി.പി.എം, തോൽവിയെ ന്യായീകരിക്കുന്നതിനായി ക്യാപ്സൂളുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ ക്യാപ്സൂളുകളിൽ, എൽ.ഡി.എഫ് മുന്നണിക്ക് ഭരണത്തുടർച്ച നഷ്ടപ്പെട്ടതൊഴിച്ചാൽ മറ്റൊരു പ്രശ്നവുമില്ലെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് തകർച്ചയെന്ന പ്രചാരണങ്ങളിൽ കുടുങ്ങാതിരിക്കണമെന്നും, നഷ്ടബോധമല്ല വേണ്ടതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ക്യാപ്സൂളുകളിൽ സൂചിപ്പിച്ചിരിക്കുന്നു.
81.25 ലക്ഷം വോട്ടർമാരെ പ്രതിനിധീകരിക്കുന്ന ശക്തമായ മുന്നണിയാണ് എൽ.ഡി.എഫ് എന്നാണ് ക്യാപ്സൂളുകളിലെ പ്രധാന ഹൈലൈറ്റ്. യു.ഡി.എഫിന് ഒരു കോടി വോട്ടിന്റെ വലുപ്പം ഉണ്ടെന്നും, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് ചോദ്യം ഉയർത്തുന്നുവെന്നും ക്യാപ്സൂളുകളിൽ പറയുന്നു. കാരണം, ഒരു മതരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ രാഷ്ട്രീയത്തിനാണ് അതിൽ മേൽക്കൈയെന്നും, ക്യാപ്സൂളുകളിൽ വ്യക്തമാക്കിയിരിക്കുന്നു. മതരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരിൽ ഒരു കൂട്ടർ അധികാരത്തിൽ തുടരുന്നത്, അതിന്റെ പ്രച്ഛന്ന എതിരാളികളായി ബി.ജെ.പി മുതലെടുക്കുമെന്നും ഈ ഡോക്യുമെന്റിൽ സൂചിപ്പിച്ചിരിക്കുന്നു.
പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തെ തകർക്കാൻ തൃണമൂലും കോൺഗ്രസും ചേർന്നുള്ള രാഷ്ട്രീയ നീക്കത്തിന്റെ അടിത്തറ ന്യൂനപക്ഷ വർഗീയതയായിരുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ, മതേതരത്വത്തിൽ ഉറച്ചു നിന്ന ഇടതുപക്ഷത്തെ തകർക്കാൻ മമത ആശ്രയിച്ചത് ന്യൂനപക്ഷ പ്രീണനമായിരുന്നു. കേരളത്തിൽ എസ്.ഐ. ആറിന്റെ പേരിൽ മുസ്ലിം ലീഗ്, എൽ.ഡി.എഫിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നുണ പ്രചരിപ്പിച്ചപ്പോൾ, അതിന്റെ ഗുണഭോക്താവായി ലീഗ് മാറി. ബംഗാളിൽ അതിന്റെ ഗുണഭോക്താവ് ബി.ജെ.പിയും ആർ.എസ്.എസും ആയി മാറി. ന്യൂനപക്ഷ വർഗീയതയെ ആഘോഷിച്ച മമതയ്ക്ക് 15 വർഷം കിട്ടി. ഇനി അവർക്ക് തിരിച്ചുവരാനാകില്ല.
മറുഭാഗത്ത്, ബി.ജെ.പി മതപരമായ ഏകീകരണം ശക്തമാക്കാനുള്ള നീക്കങ്ങളിലാണ്. അത് വർഗീയ കലാപങ്ങളായി മാറിയാൽ, അതിൽ നിന്നും കൂടുതൽ അപകടകരമായ ഫലങ്ങൾ ഉണ്ടാകുമെന്നും ക്യാപ്സൂളുകളിൽ പറയുന്നു. ബി.ജെ.പിക്കെതിരെ മതനിരപേക്ഷതയെ അടിസ്ഥാനമാക്കി പൊരുതുന്നവർക്കൊപ്പം അണിനിരക്കുകയെന്ന രാഷ്ട്രീയ ബോധ്യത്തിലേക്ക് മാറാതെ ബംഗാളിന് രക്ഷയില്ല. അതിൽ പൊരുതാനുള്ള ശേഷി ഇടതുപക്ഷത്തിനുണ്ട് എന്ന തിരിച്ചറിവ് ബംഗാളിലെ തെരുവുകൾ നൽകുന്നുണ്ട്.
കേരളത്തിലെ യു.ഡി.എഫ് മുൻ ഭരണകാലം, വർഗീയ ശക്തികൾക്ക് വളമായി എന്നത് മറക്കാൻ പാടില്ല. നമ്മുടെ ജീവിത വിഷയങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തുകയെന്ന വലിയ ചുമതല ഇടതുപക്ഷം വഹിക്കണമെന്ന് ക്യാപ്സൂളുകളിൽ സൂചിപ്പിച്ചിരിക്കുന്നു. തോറ്റാലും ജയിച്ചാലും സംഘടനാപരമായ കുറവുകൾ പാർട്ടി പരിശോധിക്കുമെന്നും, അതിന് പ്രോത്സാഹിപ്പിക്കുന്ന നയം കേന്ദ്ര കമ്മിറ്റി മുതൽ എല്ലാവരും സ്വീകരിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു.
ഉപരിപ്ലവവും വൈയക്തികവുമായ നവമാധ്യമ ചർച്ചകളും ഫെളെക്സ് പ്രദർശനവും വലതുപക്ഷ മാധ്യമങ്ങളെ സന്തോഷിപ്പിക്കുകയേയുള്ളൂ. നമ്മെ പിന്തുടർന്നാക്രമിക്കുന്ന വലതുപക്ഷ മാധ്യമപ്പടക്ക് വിരുന്നൊരുക്കാൻ തുനിയരുത്. നമ്മുടെ ആഭ്യന്തര ചർച്ചകളെന്ന നിലയിൽ മാധ്യമങ്ങൾ നൽകുന്ന ആഖ്യാനങ്ങൾ വീണ്ടും നമ്മളെ ദുർബലപ്പെടുത്താൻ മാത്രമുള്ളതാണ്. ഒരു മുതലാളിത്ത വ്യവസ്ഥയിലെ തീവ്ര വലതുപക്ഷ നവഫാസിസ്റ്റ് സർക്കാരിന്റെ കാലത്ത് മികവാർന്ന ഭരണം കാഴ്ചവച്ച കേരളത്തിലെ രണ്ട് സർക്കാരുകൾ ദേശീയ മാതൃകയാണെന്നും ക്യാപ്സൂളുകളിൽ സൂചിപ്പിച്ചിരിക്കുന്നു.
Photo and News Source:









