കേരളത്തിലെ ഒരു കുടുംബ സംരംഭത്തിൽ നിന്നും ആഗോളതലത്തിലേക്ക് ഉയർന്ന മുത്തൂറ്റ് ഫിനാൻസ് 2011-ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. തുടർന്നുള്ള 15 വർഷക്കാലം കമ്പനി നേടിയ വളർച്ച അത്ഭുതകരമാണ്. 2011-ൽ ലിസ്റ്റ് ചെയ്യുമ്പോൾ കമ്പനിയുടെ വിപണി മൂല്യം (Market Cap) ഏകദേശം 6,000 കോടി രൂപ (₹60 billion) മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ 1.5 ലക്ഷം കോടി രൂപ (₹1.5 trillion) എന്ന നാഴികക്കല്ല് കടന്നിരിക്കുന്നു. 1 ലക്ഷം കോടി വിപണി മൂല്യം മറികടന്ന കേരളത്തിലെ ആദ്യ ലിസ്റ്റഡ് കമ്പനിയും മുത്തൂറ്റ് ഫിനാൻസ് തന്നെയാണ്.
കഴിഞ്ഞ 15 വർഷത്തിനിടെ വിപണി മൂല്യത്തിലുണ്ടായ 25 മടങ്ങിലധികം വളർച്ചയാണ് ഈ നേട്ടത്തിന് കാരണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം ഓഹരി വില ഇരട്ടിയിലധികം ഉയർന്നു. നിലവിൽ ഓഹരിയുടെ വില 3,550 രൂപയാണ്. 2011-ൽ ഓഹരി ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വില 175 രൂപയായിരുന്നു. ടിആർഎ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ടിൽ തുടർച്ചയായി 10 വർഷമായി ഇന്ത്യയിലെ ഏറ്റവും വിശ്വസിക്കപ്പെടുന്ന ഫിനാൻഷ്യൽ സർവീസ് ബ്രാൻഡായി മുത്തൂറ്റ് ഫിനാൻസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഗ്രാമീണ, അർദ്ധ നഗര മേഖലകളിൽ സാമ്പത്തിക ഉൾപ്പെടുത്തലിന് (Financial inclusion) മുത്തൂറ്റ് ഫിനാൻസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ മൂല്യം തിരിച്ചറിയുകയും അത് ഉൽപ്പാദനക്ഷമമായ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നതിൽ കമ്പനി പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലുടനീളം ഓരോ ദിവസവും 2.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന മുത്തൂറ്റ് ഗ്രൂപ്പിന് ഇപ്പോൾ 7,500-ലധികം ശാഖകളുണ്ട്. ഇതിൽ 70 ശതമാനവും ഗ്രാമീണ മേഖലകളിലാണ്.
2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഗ്രൂപ്പിന്റെ ഏകീകൃത ലോൺ അസറ്റ് അണ്ടർ മാനേജ്മെന്റ് (AUM) 1.6 ലക്ഷം കോടി രൂപയിലെത്തി. അത്യാധുനിക സെക്യൂരിറ്റി ലെയർ സുരക്ഷാ സംവിധാനങ്ങളുള്ള ശാഖകളിലൂടെ കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരു മോഷണശ്രമവും വിജയിച്ചിട്ടില്ലെന്ന് മുത്തൂറ്റ് ഗ്രൂപ്പ് സൂചിപ്പിക്കുന്നു. നിഫ്റ്റി നെക്സ്റ്റ് 50 (NIFTY Next 50) ഇൻഡക്സിലെ അംഗമായ മുത്തൂറ്റ് ഫിനാൻസ് 2012 മുതൽ തുടർച്ചയായി ഡിവിഡന്റ് നൽകിവരുന്നു. നിലവിൽ മൂന്ന് ലക്ഷത്തിലധികം ഓഹരി ഉടമകളുണ്ട്.
കമ്പനി ഗോൾഡ് ലോൺ മാത്രമല്ല, വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങളും നൽകുന്ന ഒരു ഗ്രൂപ്പായി മാറാനുള്ള തയ്യാറിലാണ്. സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി 2014 മുതൽ 500 കോടി രൂപയിൽ കൂടുതൽ ചെലവഴിച്ച് 50 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Photo and News Source: Dhanam










