ശ്രീശങ്കരാചാര്യരും കേരളത്തിലെ ജാതിവ്യവസ്ഥയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ആഗമാനന്ദ സ്വാമികൾ വ്യക്തമാക്കുന്നു. ജാതിഭേദം നശിപ്പിക്കണമെന്നുള്ള ശങ്കരാചാര്യരുടെ ഉപദേശങ്ങളെ അദ്ദേഹം ഉദാഹരണങ്ങളോടെ വിശദീകരിക്കുന്നു. 'ന മേ ജാതിഭേദാഃ' എന്ന ബോധ്യം പല അവസരങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ലോകോത്തര ചിന്തകരെയും കവികളെയും സ്വാധീനിച്ച ശങ്കരാചാര്യരുടെ സംഭാവനകളെ വിവിധ നിലകളിൽ വിലയിരുത്തപ്പെടുന്നു. ദാര്‍ശനികൻ, വേദാന്തചിന്തകൻ, യുക്തിചിന്തകൻ എന്നീ നിലകളിലാണ് പലരും അദ്ദേഹത്തെ കാണുന്നത്. എന്നാൽ ആത്മീയ വിപ്ലവകാരിയായും സാമൂഹിക നവോത്ഥാനത്തിന്റെ ശില്പിയായും ശങ്കരാചാര്യരെ അവതരിപ്പിക്കുന്നതിൽ ആഗമാനന്ദ സ്വാമികൾ ശ്രദ്ധേയനാണ്.

ശ്രീരാമകൃഷ്ണ ശിഷ്യനായ ബ്രഹ്‌മാനന്ദ സ്വാമികളിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ആഗമാനന്ദ സ്വാമികൾ, ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയെ അദ്വൈത ഭൂമിയായി ഉയർത്തി. 1936 ഏപ്രിൽ 26-ന് ശ്രീശങ്കര ജയന്തി ദിവസം പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ച അദ്ദേഹം, അക്കാലത്ത് ശങ്കരാചാര്യരുടെ കൃതികളും ഉപദേശങ്ങളും പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ചില കഥകളേയോ അപവാദങ്ങളേയോ മാത്രം ജനങ്ങൾക്ക് അറിവുണ്ടായിരുന്ന അവസ്ഥയിൽ, സനാതന ധർമ്മ വിരോധികളും നിരീശ്വരവാദികളും ശങ്കരാചാര്യരുടെ പേരിൽ തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു.

Photo and News Source: Janmabhumi