ന്യൂഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ കടുത്ത വിമർശനത്തിന് വിധേയമാക്കി. സ്വന്തം നിലനില്പിനായി പ്രാദേശിക പാർട്ടികളെ ആശ്രയിക്കുന്ന ‘പരാദ സസ്യ’മായി കോൺഗ്രസ് മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. വനിതാ സംവരണ ബില്ലിനെ എതിർക്കാൻ പ്രാദേശിക പാർട്ടികളെ പ്രേരിപ്പിച്ച കോൺഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയെ അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ സ്ത്രീശക്തിയെ തകർക്കാനാണ് ഈ നീക്കമെന്നും മോദി ആരോപിച്ചു.
പതിറ്റാണ്ടുകളായി ചെയ്ത തെറ്റുകൾ തിരുത്താനുള്ള അവസരം വനിതാ സംവരണ ബില്ലിലൂടെ കോൺഗ്രസ് നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനുപകരം അധികാരം പിടിക്കാനുള്ള ചതിയാണിതെന്നും അദ്ദേഹം വിമർശിച്ചു. പ്രാദേശിക പാർട്ടികളുടെ ശക്തി കോൺഗ്രസ് ഇഷ്ടപ്പെടുന്നില്ലെന്നും അവരെ മുന്‍നിരയില്‍ നിർത്തി ഭരണഘടനാ ഭേദഗതിയെ എതിർക്കുന്നതിലൂടെ അവരുടെ രാഷ്ട്രീയ ഭാവി തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും അപ്രസക്തമായ കോൺഗ്രസ്, മറ്റുള്ളവരുടെ ചുമലിലേറി രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ പെൺകരുത്തിനെ തളർത്താനുള്ള ഈ നീക്കം വിജയിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രാജ്യവ്യാപകമായി കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബിജെപി പ്രവർത്തകരും വിവിധ വനിതാ സംഘടനകളും തെരുവിലിറങ്ങി. സ്ത്രീകളുടെ അവകാശങ്ങൾ തുരങ്കം വെച്ചവർക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബാലറ്റിലൂടെ ഭാരതത്തിലെ പെൺകരുത്ത് മറുപടി നല്കുമെന്നും മോദി പ്രഖ്യാപിച്ചു.
സ്ത്രീവിരുദ്ധമായ ഈ രാഷ്ട്രീയ ഗൂഢാലോചന രാജ്യം മാപ്പുനല്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Photo and News Source: Janam TV



