കണ്ണൂര്‍: തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ടികെ ഗോവിന്ദന്‍ വര്‍ഗവഞ്ചകനല്ലെന്നും, തനിക്ക് അദ്ദേഹത്തോട് അനഭിമതമല്ലെന്നും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി വ്യക്തമാക്കി. കേടിയേരിയുമായി വളരെ അടുപ്പമുള്ള ആളായിരുന്നു ടികെ ഗോവിന്ദന്‍. ഒരുകാലത്തും അദ്ദേഹം തനിക്ക് അനഭിമതനല്ലെന്നും, പാര്‍ട്ടിക്ക് അതീതമായ ബന്ധമാണെന്നും വിനോദിനി പറഞ്ഞു. 'ഞങ്ങള്‍ക്ക് അനഭിമതനല്ല. എനിക്ക് എന്‍്റേതായ ശരികളുണ്ട്. ഞാൻ ആരുടെയും അടിമയല്ല' എന്നും അവർ സൂചിപ്പിച്ചു.

ടികെ ഗോവിന്ദന്റെ സന്ദര്‍ശനം വ്യക്തിപരമാണെന്നും, ഈ വീട്ടില്‍ കോടിയേരിയോട് സ്നേഹമുള്ള ആര്‍ക്കും പ്രവേശനമുണ്ടെന്നും വിനോദിനി വ്യക്തമാക്കി. ടികെ ഗോവിന്ദന്‍ വീട്ടിലെത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു വിനോദിനി. ടികെ ഗോവിന്ദന്റെ സന്ദര്‍ശനം രാഷ്‌ട്രീയമല്ലെന്നും, വ്യക്തിപരമാണെന്നും ബിനീഷ് കോടിയേരിയും സാക്ഷ്യപ്പെടുത്തി.

ഇന്ന് ഉച്ചയോടെ ടികെ ഗോവിന്ദനും ഭാര്യ പികെ രമണിയും കോടിയേരിയുടെ വീട്ടിലെത്തി. കോടിയേരിയുടെ സ്മാരകത്തിൽ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളിലും കോടിയേരി പങ്കെടുക്കാറുണ്ടെന്നും, കോടിയേരിയുമായും കുടുംബവുമായും അടുത്ത ബന്ധമാണെന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു. 'കോടിയേരിയുമായുള്ള ബന്ധം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ഞാന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിക്കുമ്പോഴും മനസിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. അന്ന് പത്ര സമ്മേളനത്തില്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ പ്രശ്നം വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്നം പരിഹരിക്കുന്നതില്‍ അസാധാരണമായ കഴിവ് കോടിയേരിക്കുണ്ടായിരുന്നു. ഏത് വിഷമത്തിലും കോടിയേരിയുടെ മുഖത്ത് നോക്കിയാല്‍ നമ്മുടെ എല്ലാ വിഷമവും തീരുമായിരുന്നു. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും പറയുന്നത് അതുകൊണ്ടാണ്' എന്ന് ടികെ ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

കോടിയേരി പ്രസ്ഥാനത്തിന് വേണ്ടി എത്രയോ പ്രവര്‍ത്തിച്ചു. സന്ദര്‍ശനത്തിന് മറ്റൊരു രാഷ്‌ട്രീയ മാനവുമില്ലെന്നും ടികെ ഗോവിന്ദന്‍ സൂചിപ്പിച്ചു.

Photo and News Source: Janam TV