കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഐതിഹാസിക വിജയത്തിനുശേഷം സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് അനുയായികളുടെ അക്രമം വർധിച്ചിരിക്കുന്നു. ന്യൂ ടൗണിൽ ബിജെപി പ്രവര്‍ത്തകനായ മധു മണ്ഡലിനെ ടിഎംസി ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ജനരോഷം ഉയർത്തിയിട്ടുണ്ട്. ഈ കൊലപാതകത്തിന് പ്രതികാരമായി നാട്ടുകാര്‍ ന്യൂ മാര്‍ക്കറ്റ് ഏരിയയിലെ തൃണമൂല്‍ യൂണിയന്‍ ഓഫീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു. അനധികൃതമായി നിർമ്മിച്ച ഈ ഓഫീസ് ജനകീയ പ്രതിഷേധത്തില്‍ നശിച്ചു.

ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വ്യാപകമായ ആക്രമണങ്ങള്‍ നടക്കുകയാണ്. നോർത്ത് 24 പര്‍ഗാനാസിലെ സന്ദേശ്ഖലിയില്‍ തൃണമൂല്‍ അനുയായികള്‍ കേന്ദ്രസേനയെ വെടിവെച്ചു. തിരഞ്ഞെടുപ്പിനുശേഷം സംയുക്ത സേന പട്രോളിംഗ് നടത്തുകയായിരുന്ന അവസരത്തിലായിരുന്നു ഈ ആക്രമണം. നജാത്ത് പോലീസ് സ്റ്റേഷന്‍ ഒ. സി. ഭാരത് പുര്‍കൈറ്റ്, ഒരു വനിതാ ഓഫീസര്‍, രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ എന്നിവര്‍ക്ക് വെടിയേറ്റു. ഇവരെ കൊൽക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനവിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സന്ദേശ്ഖലിയിലും ന്യൂ ടൗണിലും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചുകൊണ്ട് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ പരാജയപ്പെട്ട തൃണമൂല്‍ ഇപ്പോള്‍ ആയുധം കൊണ്ട് ജനങ്ങളെ നേരിടുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു။

Photo and News Source: Janam TV