മുംബൈ: ലൈംഗിക പീഡനക്കേസുകളിൽ അറസ്റ്റിലായ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ ജിതേന്ദ്ര ഷെൽക്കേ (55) ഭാര്യ അനുരാധ (50) എന്നിവർ വാഹനാപകടത്തിൽ മരണമടഞ്ഞു. ഇവരുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ-നാഗ്പൂർ സമൃദ്ധി എക്സ്പ്രസ് വേയിൽ ധോത്രെയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു.

ജിതേന്ദ്ര ഷെൽക്കേ ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു. അശോക് ഖരാത്തിന്റെ ഒട്ടേറെ ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയുമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. എൻസിപി നേതാവ് രോഹിത് പവാർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. അശോക് ഖരാത്തുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ പുറത്തുവരാനുള്ളതിനാൽ ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

അപകടം അവിശ്വസനീയമാണെന്ന് ശിവസേന നേതാവ് സുഷമ അന്ധാരെ പ്രസ്താവിച്ചു.

Photo and News Source: Newsthen