ജിദ്ദ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം ഒരു സാധാരണ രാഷ്ട്രീയ വിജയമല്ല, മറിച്ച് ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രകടമാക്കുന്ന ശക്തമായ വിധിയാണ്. ഭരണത്തിന്റെ പരാജയങ്ങളും ജനങ്ങളെ ബാധിച്ച പ്രശ്‌നങ്ങളും എതിരെ ജനങ്ങൾ നൽകിയ വ്യക്തമായ മറുപടിയാണ് ഈ ഫലം എന്ന് ജിദ്ദ യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിജയത്തിനായി യു.ഡി.എഫിനെ പിന്തുണച്ച ഓരോ വോട്ടർക്കും ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു. യു.ഡി.എഫ് നേതൃത്വം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകി കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകണം.

പ്രവാസികളെ അവഗണിച്ച ഭരണകൂടത്തിനെതിരെ ശക്തമായ സന്ദേശമാണ് ഈ വിജയം. വിദേശത്ത് കഷ്ടപ്പെട്ട് കുടുംബങ്ങളെയും നാടിനെയും താങ്ങി നിർത്തുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾക്കും അവകാശങ്ങൾക്കും വേണ്ട പരിഗണന നൽകാതെ വന്നതിൽ ജനങ്ങൾ രേഖപ്പെടുത്തിയ പ്രധിഷേധം കൂടിയാണ് ഈ വിധിയെഴുത്ത്. യു.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞതുപോലെ പ്രവാസികളുടെ ക്ഷേമത്തിനു പരിഗണന നൽകി, അവരുടെ സുരക്ഷയും സാമൂഹ്യ പുരോഗതിയും ഉറപ്പാക്കുന്ന നയങ്ങൾ നടപ്പിലാക്കുവാൻ വേണ്ട ഇടപെടലുകൾ നടത്തണം. നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് കൂടുതൽ സഹായവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളണം.

കേരളത്തിന്റെ മനസ്സ് ഒരു വർഗീയതക്കും എക്കാലത്തും ഇടം നൽകാത്ത ഒന്നാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ. സകല മാനവിക വർഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ അസിസ് ലാക്കൽ, കൺവീനർ ഇസ്മായിൽ മുണ്ടുപറമ്പ, വൈസ് ചെയർമാൻ ഫൈസൽ മക്കരപ്പറമ്പ, ജോ. കൺവീനർ നാണി ഇസ്ഹാഖ്, ട്രഷറർ അഷ്റഫ് മുല്ലപ്പള്ളി, യു.എം. ഹുസ്സൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ വിപുലമായ വിജയാഘോഷ പരിപാടികൾ അരങ്ങേറിയതോടൊപ്പം മധുരവിതരണം, ഗാനസന്ധ്യ എന്നിവയും സംഘടിപ്പിച്ചു.

Photo and News Source: Mathrubhumi