തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് സിപിഐയിലും നേതൃത്വത്തിനെതിരായ വികാരം ശക്തമാകുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പിടിപ്പുകെട്ട നേതൃത്വമാണ് പരാജയത്തിന് വഴിവെച്ചതെന്നും, തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയണമെന്നുമാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആവശ്യം. ബുധനാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്ന് നടക്കുന്ന എക്സിക്യൂട്ടീവിലും നേതൃത്വത്തിനെതിരായ അമർഷം പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഫലം വിശകലനം ചെയ്യാൻ സംസ്ഥാന കൗൺസിലും വിളിച്ചിരുന്നെങ്കിലും, തോൽവിയുടെ പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യോഗം മാറ്റിവെച്ചു. മണ്ഡലം കമ്മിറ്റികൾ ചേർന്ന് തോൽവിയുടെ കാരണങ്ങൾ പരിശോധിച്ച് സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച ശേഷം സംസ്ഥാന കൗൺസിൽ യോഗം ചേരുന്നതാണ് ഉചിതമെന്ന ന്യായീകരണമാണ് യോഗം മാറ്റിവെക്കാൻ കാരണമായത്. എന്നാൽ, സെക്രട്ടറിക്കെതിരായ നീക്കം മുൻകൂട്ടി കണ്ടിരുന്ന തന്ത്രപരമായ തീരുമാനമാണ് കൗൺസിൽ യോഗം മാറ്റിവെക്കൽ എന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന മുറുമുറുപ്പ്.

സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിനെ കടപുഴക്കിയ യുഡിഎഫ് സുനാമിയുടെ മുഖ്യകാരണം വോട്ടർമാർക്കിടയിൽ നിലനിന്ന പിണറായി വിരുദ്ധതയാണെന്ന് ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷവും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഈ വിഷയം മുന്നണിയോഗത്തിലോ സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലോ അറിയിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരാജയപ്പെട്ടുവെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.

രാഷ്ട്രീയവും നയപരവുമായ വിഷയങ്ങളിൽ സിപിഎമ്മിന് കീഴടങ്ങുന്ന ബിനോയിയുടെ സമീപനത്തിന് കെട്ടേണ്ടി വന്ന വിലയാണ് പാർട്ടി നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടി. 'പി.എം ശ്രീ പദ്ധതിയോട് സംസ്ഥാന സർക്കാർ യോജിച്ച വിവരം ധാരണാപത്രം ഒപ്പിട്ട ശേഷം മാത്രമാണ് അറിഞ്ഞത്' എന്ന വിമർശനവും ഉയരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയപ്പോൾ ഉണ്ടാക്കിയ ഒത്തുതീർപ്പ് ഫോർമുലയിലെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പിലാക്കുന്നത് ഉറപ്പ് വരുത്താൻ നേതൃത്വം താൽപര്യം കാട്ടിയില്ലെന്നും നേതാക്കൾക്കിടയിൽ വിമർശനമുണ്ട്.

സർക്കാരിന്റെ നയ വ്യതിയാനങ്ങളെയും തെറ്റായ പൊക്കിനെയും നിയന്ത്രിക്കാനോ തിരുത്താനോ സംസ്ഥാന സെക്രട്ടറോ മന്ത്രിമാരോ തയാറായില്ല. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ ഭരണശൈലിയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ലഭിക്കുന്ന വേദികളിലെല്ലാം പ്രശംസിക്കുകയും ചെയ്യുന്ന ജോലിയാണ് മന്ത്രി കെ. രാജനെ പോലുള്ളവർ സ്വീകരിച്ചതെന്നും സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം എതിരായ വികാരം സംസ്ഥാന സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടീവ് യോഗങ്ങളിലും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

രാഷ്ട്രീയ-സംഘടനാ വിഷയങ്ങളിൽ ദയനീയ പരാജയമായത് പോലെ, സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വിജയിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും സംസ്ഥാന സെക്രട്ടറിക്ക് വലിയ വീഴ്ചയുണ്ടായി എന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നു. നാദാപുരം, അടൂർ, പീരുമേട് തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയമാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. നാദാപുരത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ. ചന്ദ്രന്റെ പേരാണ് ഉയർന്നുവന്നത്. മണ്ഡലം കമ്മിറ്റിയിൽ നിന്ന് വന്ന ചന്ദ്രന്റെ പേര് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ട് വെട്ടിയാണ് അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭാര്യ കൂടിയായ ദേശീയ കൗൺസിൽ അംഗം പി. വസന്തത്തെ സ്ഥാനാർത്ഥിയാക്കിയത്.