ഹുവാവേ കമ്പനി കാറുകളുടെ ഹെഡ്‌ലൈറ്റുകളിലൂടെ സിനിമകളും വീഡിയോകളും പ്രദർശിപ്പിക്കാനുള്ള അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിച്ചു. 'സ്മാർട്ട് എക്‌സ് പിക്‌സൽ' എന്ന പേരിലുള്ള ഈ ഹെഡ്‌ലൈറ്റുകൾ വെറുമൊരു വെളിച്ചം നൽകുന്ന ഉപകരണമല്ല, മറിച്ച് വാഹനത്തിന്റെ മുന്നിലെ പ്രതലങ്ങളിൽ ഫുൾ കളർ പ്രൊജക്ഷൻ നടത്താൻ കഴിവുള്ളവയാണ്. ബീജിംഗ് ഓട്ടോ ഷോ 2026-ൽ ആദ്യമായി പ്രദർശിപ്പിച്ച ഈ സംവിധാനം, പാർക്കിംഗ് സമയത്ത് പുറത്ത് ഇരുന്ന് സിനിമ കാണാനും വീഡിയോകൾ ആസ്വദിക്കാനും ഉപകരിക്കുന്നു.
ഔട്ട്ഡോർ വിനോദങ്ങൾക്ക് പുതിയൊരു മാനം നൽകുന്നതോടൊപ്പം, ഡ്രൈവിംഗ് സുഗമമാക്കാനും ഈ സംവിധാനം സഹായിക്കുന്നു. രാത്രികാല ഡ്രൈവിംഗിൽ നാവിഗേഷൻ വിവരങ്ങൾ റോഡില്‍ നേരിട്ട് പ്രൊജക്ട് ചെയ്യാനും, തിരിയേണ്ട ദിശ കാണിക്കുന്ന ആരോകൾ പ്രദർശിപ്പിക്കാനും കഴിയും. ഇത് ഡ്രൈവറുടെ ശ്രദ്ധ നിലനിർത്താനും അപകടങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
മൂടൽമഞ്ഞ്, കനത്ത മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിലും റോഡിലെ ലെയ്‌നുകൾ വ്യക്തമായി കാണാനും ഈ ഹെഡ്‌ലൈറ്റുകൾ ഉപകരിക്കുന്നു. കാല്‍നടയാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി റോഡ് മുറിച്ചുകടക്കാനുള്ള സൂചനകളും പ്രദർശിപ്പിക്കാൻ കഴിയും. വാഹന സുരക്ഷയിലും ഡ്രൈവിംഗ് സുഗമതയിലും വലിയ മുന്നേറ്റം വരുത്താൻ ഹുവാവേയുടെ ഈ സാങ്കേതികവിദ്യ സഹായിക്കും.
Photo and News Source: DriveSpark









