മൈക്രോ എസ്.യു.വി വിപണിയിൽ മാരുതി സുസുക്കിയുടെ ‘ഇഗ്നിസ്’ വിപണി വിട്ടു പോകാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു. ടാറ്റ പഞ്ചിന്റെ ജനപ്രീതി കണക്കിലെടുത്ത് പുതിയ നീക്കം ആവിഷ്കരിക്കാനാണ് കമ്പനി തയ്യാറാകുന്നത്. നെക്സാ ഔട്ട്ലെറ്റുകളിലൂടെ വിൽക്കപ്പെടുന്ന ഇഗ്നിസ് അതിന്റെ പ്രത്യേക ഡിസൈനുമായി ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും വിപണിയിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. ടാറ്റ പഞ്ചിന്റെയും ഹ്യുണ്ടായി എക്സ്റ്ററിന്റെയും വരവോടെ മൈക്രോ എസ്.യു.വി വിപണിയിൽ മത്സരം അതിരുകടന്നിരിക്കുന്നു.

നിലവിലെ ബി.എസ്-6 ഫേസ് 2 മാനദണ്ഡങ്ങൾക്കനുസരിച്ച് ഇഗ്നിസിനെ പരിഷ്കരിക്കുന്നതിനുപകരം പുതിയൊരു മോഡൽ അവതരിപ്പിക്കാൻ മാരുതി തീരുമാനിച്ചിരിക്കുന്നു. 2017-ൽ വിപണിയിലെത്തിയ ഇഗ്നിസിന്റെ പ്രാരംഭ വില 4.59 ലക്ഷം മുതൽ 7.80 ലക്ഷം രൂപ വരെയായിരുന്നു. നഗരപ്രദേശങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ പ്രീമിയം അർബൻ കോംപാക്റ്റ് ഹാച്ച്ബാക്കിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു കരുത്ത്. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റ് സാങ്കേതികവിദ്യയും ഇതിനുണ്ടായിരുന്നു. ജി.എസ്.ടി. നിലവില് വരികയും വിലയിൽ 71,000 രൂപ കുറവുണ്ടായെങ്കിലും വിപണിയിൽ ആവശ്യത്തിന് മുന്നേറാൻ ഈ മോഡലിന് കഴിഞ്ഞില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ 3,780 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാൽ ഈ വർഷം അതിന്റെ വിറ്റുവരവ് 1,902 യൂണിറ്റുകളായി കുറഞ്ഞു. ഇതോടെ വിപണിയിൽ 50 ശതമാനം വീഴ്ചയുണ്ടായി. മാരുതി ഇപ്പോൾ പുതിയൊരു മൈക്രോ എസ്.യു.വി മോഡലിന്റെ ആസൂത്രണത്തിലാണ്.

Photo and News Source: Media Mangalam