പാലക്കാട് കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.എ. തുളസി വിജയിച്ചു. 3706 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിങ് എംഎൽഎ കൂടിയായ സി.പി.എമ്മിന്റെ അഡ്വ. ശാന്തകുമാരിയെ പരാജയപ്പെടുത്തി. 2011-ൽ രൂപീകരിച്ച കോങ്ങാട് മണ്ഡലത്തിൽ ആദ്യമായി യുഡിഎഫ് വിജയിച്ചു. എംപിയും കോൺഗ്രസ് നേതാവുമായ വികെ ശ്രീകണ്ഠന്റെ ഭാര്യയാണ് തുളസി. നെന്മാറ എൻ.എസ്.എസ്. കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ തുളസി, 2004-ലെ ലോക്​സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു.

ഇക്കുറി കൊങ്ങാട്ട് തുളസി 62734 വോട്ടുകൾ നേടി. ശാന്തകുമാരി 59028 വോട്ടുകളും, ബിജെപി സ്ഥാനാർഥി ഡോ.രേണു സുരേഷ് മൂന്നാം സ്ഥാനത്തുമായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നേടിയതിനേക്കാൾ 22000-ൽപ്പരം വോട്ടുകൾ കൂടുതലാണ് തുളസി നേടിയത്. 2021-ൽ കോങ്ങാട്ട് എൽ.ഡി.എഫ്. സ്ഥാനാർഥി ശാന്തകുമാരി 67,881 വോട്ടുകൾ നേടി വിജയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി യു.സി. രാമന് 40,662, എൻ.ഡി.എ. സ്ഥാനാർഥി എം. സുരേഷ്ബാബുവിന് 27,661 വോട്ടുകളുമായിരുന്നു ലഭിച്ചത്. 2016-ൽ അപേക്ഷിച്ച് 2021-ൽ യുഡിഎഫിന്റെ വോട്ട് ശതമാനം കുറഞ്ഞിരുന്നു.

Photo and News Source: Mathrubhumi