പൊള്ളാച്ചി ആശുപത്രിയിൽ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. രാവിലെ ആറുമണിയോടെ ഒൻപത് ആംബുലൻസുകളിൽ മൃതദേഹങ്ങളുമായി മലപ്പുറത്തേക്ക് യാത്രയായി. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലാണ് പൊതുദർശനം. പൊതുദർശനത്തിനുശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
പൊള്ളാച്ചി ആശുപത്രിയിൽ അർധരാത്രി 12 മണിയോടെ തുടങ്ങിയ പോസ്റ്റ്‌മോർട്ടം പുലർച്ചെ 4 മണിയോടെ പൂർത്തിയായി. പ്രധാനാധ്യാപിക പി. അജിത, അദ്ധ്യാപികമാർ റംലത്ത്, സുഹറ, ആശ, അധ്യാപകൻ അബ്ദുൾ മജീദ്, അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, പാചക തൊഴിലാളി സാജിത, സുഹറയുടെ മകൻ ഹിഷാം, സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന എന്നിവരാണ് മരിച്ചവർ.
പൊതുദർശനത്തിനുശേഷം വിവിധ മഹല്ലുകളിലെ ഖബർ സ്ഥാനങ്ങളിൽ ഖബറടക്കം നടക്കും. മാട്ടാത്ത് മഹല്ലിൽ മജീദ്, റുഖിയ എന്നിവരെ; പാങ്ങ് ജുമാ മസ്ജിദിൽ റംലത്ത്, സാജിദ, ഷക്കീല എന്നിവരെ; ഈസ്റ്റ് പാങ് മസ്ജിദിൽ സുഹറ, ഹിഷാം എന്നിവരെ ഖബറടക്കും. അജിതയുടെ മൃതദേഹം പുലാമന്തോളിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലേക്കും കൊണ്ടുപോകും.
Photo and News Source: Sathyam Online



