ന്യൂഡൽഹി: ഹജ്ജ് യാത്രാ നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു വിശദീകരണം നൽകി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം വിമാനക്കമ്പനികൾ 400 ഡോളർ വരെ വർധനവ് ആവശ്യപ്പെട്ടിരുന്നെങ്കിലും, സർക്കാരിന്റെ ഇടപെടലോടെ അത് 100-150 ഡോളറായി കുറച്ചു. ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്ക് 100 ഡോളറും സ്വകാര്യ ഗ്രൂപ്പുകൾ വഴി പോകുന്നവർക്ക് 150 ഡോളറുമാണ് വർധനവായി നിജപ്പെടുത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തീർഥാടകർക്ക് പ്രയോജനം ലഭിക്കാനാണ് ഈ നടപടി.

ഹജ്ജ് കർമ്മത്തിനായി എത്തിയ തീർഥാടകരുടെ മരണത്തെക്കുറിച്ചും മന്ത്രി വ്യക്തത വരുത്തി. റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് മരണങ്ങളിൽ മൂന്നെണ്ണം ഇമിഗ്രേഷൻ നടപടികൾക്ക് മുൻപ് തന്നെ സംഭവിച്ചതാണ്. സർക്കാരിന്റെ ഭാഗത്ത് യാതൊരുവിധ അശ്രദ്ധയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ ഇന്ത്യൻ മിഷൻ തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Photo and News Source: Kerala Online News