ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) നട്ടെല്ലുമായി ബന്ധപ്പെട്ട സങ്കീർണ്ണ ശസ്ത്രക്രിയകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുന്നു. ഏഴ് വർഷത്തെ ഗവേഷണ ഫലമായി, പോസ്റ്റീരിയർ വെർട്ടെബ്രൽ കോളം റിസെക്ഷൻ്റെ പരിഷ്കരിച്ച പതിപ്പ് അവർ വികസിപ്പിച്ചെടുത്തു. ഡോ. ഭവുക് ഗാർഗും സംഘവും ഈ നേട്ടത്തിനു പിന്നിലാണ്.

നട്ടെല്ലുമായി ബന്ധപ്പെട്ട ഗുരുതര വൈകല്യങ്ങൾ നേരിടുന്നവർക്കു വലിയ ആശ്വാസം നൽകുന്ന ഈ പുതിയ രീതി, സുഷുമ്ന നാഡിക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നു. ശസ്ത്രക്രിയയുടെ ഏതൊരു ഘട്ടത്തിലും സുഷുമ്നയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നതിലൂടെ, നട്ടെല്ലിന്റെ സ്ഥിരത മെച്ചപ്പെടുത്താനും ഗുരുതര ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.

ശസ്ത്രക്രിയാ വിദഗ്ദ്ധർക്ക് അതീവ വെല്ലുവിളി നിറഞ്ഞ നടപടിക്രമമായ പിവിസിആർ, മരണസാധ്യത വരെ ഉള്ള അപകടം സൃഷ്ടിക്കുമായിരുന്നു. എന്നാൽ എയിംസ് വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യ ഈ അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കുന്നു. പുതിയ രീതിയിലൂടെ നടത്തിയ ശസ്ത്രക്രിയകളിൽ മികച്ച ഫലവും ഉയർന്ന രോഗമുക്തി നിരക്കും ലഭിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.

Photo and News Source: Kvartha