ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസം പകർന്നുകൊണ്ട്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ എല്ലാ വാണിജ്യ കപ്പലുകൾക്കും തുറന്നുകൊടുത്തു. വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇറാന്റെ സുപ്രധാന നീക്കം.
എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് ഇടുക്കിലൂടെയുള്ള യാത്ര അനുവദിക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പ്രഖ്യാപിച്ചു. ഇറാൻ്റെ പോർട്ട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ച റൂട്ടിലൂടെയാകണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ഈ തീരുമാനത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു. ഹോർമുസ് ഇടുക്ക് ബിസിനസിനായി പൂർണ്ണമായും തയ്യാറാണെന്ന് അറിയിച്ച അദ്ദേഹം ഇറാനോട് നന്ദി രേഖപ്പെടുത്തി. എങ്കിലും, ഇറാനുമായുള്ള ഇടപാടുകൾ പൂർത്തിയാകുന്നത് വരെ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
മാർച്ചിൽ യുഎസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ‘സൗഹൃദരാജ്യങ്ങളുടെ’ കപ്പലുകൾക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ലോകമെമ്പാടും ഊർജ്ജ പ്രതിസന്ധിയും എണ്ണവില വർധനയും ഉണ്ടായി. ഇന്ത്യയിൽ എൽപിജി വിതരണത്തിൽ ചെറിയ പ്രതിസന്ധി നേരിട്ടിരുന്നു. ഹോർമുസ് ഇടുക്ക് വീണ്ടും തുറന്നതോടെ ആഗോള എണ്ണ വിപണിയിലും വ്യാപാര മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Photo and News Source: Kairali News



