പേരാമ്പ്രയിലെ മഞ്ഞക്കുളത്ത് നടന്ന വിവാഹത്തോടനുബന്ധിച്ച് വരന്റെ സുഹൃത്തുക്കൾ ആഡംബര കാറുകളിൽ അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. നാല് വാഹനങ്ങൾ പിടിച്ചെടുക്കുകയും, നാല് പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇവരുടെ കാറുകളുടെ രജിസ്ട്രേഷനും താല്‍ക്കാലികമായി റദ്ദാക്കി. സാമൂഹ്യസേവനവും നിർബന്ധമാക്കിയിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ എം പ്രജീഷിന്റെ നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചത്.
വിവാഹ ദിവസം മേപ്പയ്യൂർ മഞ്ഞക്കുളത്ത് നടന്ന സംഭവത്തിൽ പൊതുറോഡിലൂടെ ആഡംബര കാറുകളിലൂടെ സഞ്ചരിച്ച ഇവർ, കാറുകളുടെ മുകളിലും ബോണറ്റിലും കയറി നിന്നും ഡ്രൈവിംഗ് നടത്തി. റീലുകളുടെ ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളായിരുന്നു ഉപയോഗിച്ചത്. ഒമ്പത് കാറുകളിൽ നാലെണ്ണം മാത്രമാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ചിരുന്ന ദിനു അദ്‌നാൻ, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്‌ലാല്‍ റോഷൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും, കാറുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു. കൂടാതെ, ഇവർക്ക് എടപ്പാളിലെ റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കേണ്ടതുണ്ട്. ഒരു മാസം മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനവും നിർബന്ധമായിരിക്കും.
Photo and News Source: Asianet News









