ചെന്നൈ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക ദൗർലഭ്യം പരിഹരിക്കാൻ സൗരോർജ്ജ അടിസ്ഥാനത്തിലുള്ള പാചക സാങ്കേതിക വിദ്യ അവതരിപ്പിച്ചു. സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനി പുത്താണ്ടിനോടനുബന്ധിച്ച് ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി പുറത്തിറക്കി.
പുരയിടങ്ങളിലെ സോളാർ പാനലുകളിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച് പാചകം ചെയ്യാം. നിലവിലുള്ള ഇൻഡക്ഷൻ സ്റ്റവുകളുമായി സുഗമമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ സാങ്കേതിക വിദ്യ കാർബൺ ഉദ്‌വമനം ഇല്ലാതാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളിൽ നിന്നും രക്ഷ നൽകും.
കമ്പനി മാനേജിങ് ഡയറക്ടർ ഡോ. അരുൾകുമാർ ഷൺമുഖസുന്ദരം, ക്ലീൻ എനർജിയുടെ ദിശയിലാണ് ഈ നൂതന സംരംഭം എന്ന് വ്യക്തമാക്കി. ഗവേഷണ-വികസന വിഭാഗത്തിന്റെ ശ്രമഫലമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഈ സാങ്കേതിക വിദ്യ പുറത്തിറക്കാൻ കഴിഞ്ഞത്. ആദ്യഘട്ടത്തിൽ പരിമിത യൂണിറ്റുകളായിരിക്കും വിപണിയിൽ എത്തുക. ഉത്പാദനശേഷി വർധിപ്പിച്ച ശേഷം വ്യവസായിക അടിസ്ഥാനത്തിൽ കൂടുതൽ യൂണിറ്റുകൾ പുറത്തിറക്കും.
Photo and News Source: Malayalam Express



