ന്യൂഡൽഹിയിൽ മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വൻ ധർണ്ണാ സമരം സംഘടിപ്പിച്ചു. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡണ്ട് രാജീവ് ജോസഫ് സമരം ഉത്ഘാടനം ചെയ്തു.

പ്രധാനമായും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിൽ നയങ്ങളാണ് ഈ സമരത്തിനു പിന്നിൽ. അൻപത് കോടിയോളം പൗരന്മാർക്ക് തൊഴിൽ ഇല്ലാതെ ദുരിതമനുഭവിക്കേണ്ടി വരുന്നു. ലക്ഷക്കണക്കിന് പേർ തെരുവുകളിൽ പട്ടിണിയോടെ അലഞ്ഞു തിരിയുന്നു. രാജ്യത്തെ 142 കോടി ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന നികുതി ഉപയോഗിച്ച് കേവലം 1.5 കോടി സർക്കാർ ജീവനക്കാർക്കു മാത്രം ശമ്പളം നൽകുന്നതാണ് ഈ അനീതിയുടെ ഉദാഹരണം.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയുള്ള ദേശീയ ജനകീയ മുന്നേറ്റമായി ഈ സമരം മാറിയിരിക്കുന്നു. ഡോ. ബി. ആർ. അംബേദ്‌കർ ജയന്തി ദിനമായ ഏപ്രിൽ 14ന് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രവർത്തനം ആരംഭിച്ചിരുന്നു. സമരത്തിലൂടെ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിനുള്ള അടിത്തറ പാകുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

Photo and News Source: Sathyam Online