ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനായി ഹരിവംശ് നാരായണ്‍ സിങ്ങിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് ഹരിവംശ് ഈ പദവിയിലെത്തുന്നത്. 2018 മുതൽ രാജ്യസഭ ഉപാധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.

കേന്ദ്രമന്ത്രി ജെ പി നഡ്ഡയാണ് ഉപാധ്യക്ഷനായി ഹരിവംശിന്റെ പേര് നിര്‍ദ്ദേശിച്ചത്. പ്രമേയം സഭ എതിരില്ലാതെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിവംശിനെ അഭിനന്ദിച്ചു. രാജ്യസഭയുടെ പ്രവർത്തനത്തിന് ഹരിവംശ് നൽകിയ സംഭാവനകളെ മോദി പ്രശംസിച്ചു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഹരിവംശിനെ അഭിനന്ദിച്ചു. പത്രപ്രവർത്തന മേഖലയിൽ നിന്നാണ് ഹരിവംശ് രാഷ്ട്രീയത്തിലെത്തിയത്. ഏപ്രിൽ 9-ന് ഹരിവംശിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഉപാധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതാദ്യമാണ് ഒരു അംഗം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.

Photo and News Source: Samakalika Malayalam