നാസിക് ടിസിഎസ് ബിപിഒ കേന്ദ്രത്തിലെ ലൈംഗികപീഡനവും മതപരിവർത്തന ആരോപണങ്ങളുമായി ബന്ധപ്പെട്ട് 'മുഖ്യസൂത്രധാര' എന്ന് പോലീസ് വിശേഷിപ്പിക്കുന്ന നിദ ഖാൻ മുൻകൂർ ജാമ്യത്തിനായി അപേക്ഷിക്കുമെന്ന് അവരുടെ അഭിഭാഷകൻ ബാബ സയ്യിദ് പ്രസ്താവിച്ചു. ഗർഭിണിയായ നിദ, സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിദ നിരപരാധിയാണെന്നും ഒളിവിൽ പോയിട്ടില്ലെന്നും അവരുടെ കുടുംബം വാദിക്കുന്നു. നിദ ഒരു സാധാരണ ജീവനക്കാരിയാണെന്നും പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
നാസിക് പോലീസ് രജിസ്റ്റർ ചെയ്ത ഒമ്പത് എഫ്‌ഐആറുകളിൽ നിദയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിൻെറ പേരിൽ 23 വയസ്സുള്ള ബിപിഒ ജീവനക്കാരി തന്റെ സീനിയർ ഡാനിഷ് ഷെയ്ഖിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Photo and News Source: Mathrubhumi



