ബീജിംഗ് | സ്മാർട്ട്ഫോൺ ബാറ്ററി സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റത്തിനൊരുങ്ങുന്നു ഹോണർ മൊബൈൽ. 11,000mAh ശേഷിയുള്ള ബാറ്ററി വികസിപ്പിച്ചെടുക്കുന്നതിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. നിലവിലെ 10,080mAh ബാറ്ററിയുടെ റെക്കോർഡിനെ തകർക്കാനാണ് ഈ നീക്കം.

പുതിയ ബാറ്ററിയുടെ റേറ്റഡ് കപ്പാസിറ്റി 10,690mAh ആയിരിക്കുമെന്നും വിപണിയിലെത്തുമ്പോൾ 11,000mAh അല്ലെങ്കിൽ അതിനു മുകളിലുമായിരിക്കും ശേഷിയെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തുന്നു. ഹോണർ വിൻ, വിൻ ആർ ടി തുടങ്ങിയ മോഡലുകളിലൂടെ 10,000mAh ബാറ്ററികൾ ആദ്യമായി അവതരിപ്പിച്ചിരുന്നു.

നിലവിലുള്ള പവർ 2 മോഡലുകൾ 20 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക് നൽകുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിംഗും 27W റിവേഴ്സ് ചാർജിംഗും ഈ ഫോണുകളുടെ പ്രത്യേകതയാണ്. റിവേഴ്സ് ചാർജിംഗ് സൗകര്യത്തോടെ ഫോണിനെ പവർ ബാങ്ക് പോലെ ഉപയോഗിക്കാനും കഴിയും.

11,000mAh ബാറ്ററി ആദ്യം ഏത് ഫോണിലാകും എത്തുക എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പവർ 2 വിന്റെ പിൻഗാമിയിലായിരിക്കും ഇത് ഉൾപ്പെടുത്തുക എന്നാണ് പ്രതീക്ഷ. കൂടാതെ ഹോണർ എക്സ് 80 മോഡലിലും 10,000mAh ബാറ്ററി ഉൾപ്പെടുമെന്ന് സൂചനകളുണ്ട്.

Photo and News Source: Siraj Live