കാസർകോട്: 14 കൊലക്കേസുകളിലെ പ്രതിയായ റിപ്പർ ചന്ദ്രന് വധശിക്ഷ ലഭിച്ച കേസിൽ ദൃക്സാക്ഷിയായിരുന്ന 53 കാരൻ ബാലചന്ദ്ര വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റിനടുത്തുള്ള വീട്ടിലായിരുന്നു സംഭവം. ബാലചന്ദ്രയുടെ സഹോദരി ശശികല മൂന്നു ദിവസമായി ഫോൺ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തി.
വീട് പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തിയ ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ബാലചന്ദ്ര ക്ഷേത്ര പൂജാരിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. പിതാവ് നരസപ്പയ്യ ഹന്തെയെയും ജോലിക്കാരനായ വിശ്വനാഥനെയും 1985-ൽ റിപ്പർ ചന്ദ്രൻ കൊലപ്പെടുത്തി. മാതാവ് ഇന്ദിര ഹന്തെയെ ആക്രമിക്കുകയും അബോധാവസ്ഥയിൽ നിന്ന് പിന്നീട് മരിക്കുകയും ചെയ്തു. ബാലചന്ദ്രയ്ക്ക് അന്ന് 13 വയസ്സായിരുന്നു. വാമഞ്ചൂർ ഇരട്ടക്കൊലപാതകം ഉൾപ്പെടെ 14 കൊലക്കേസുകളിൽ പ്രതിയായ റിപ്പർ ചന്ദ്രന് ബാലചന്ദ്രയുടെ മൊഴിയെ അടിസ്ഥാനമാക്കി വധശിക്ഷ വിധിച്ചു. മറ്റു കേസുകളിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു.
Photo and News Source: Media Mangalam



