തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) ആത്മവിശ്വാസത്തിലാണ്. മെയ് നാലിന് 150-ലധികം സീറ്റുകൾ നേടി വിജയ് സർക്കാർ രൂപീകരിക്കുമെന്ന് ടിവികെ നേതാവും ഈറോഡ് വെസ്റ്റിലെ സ്ഥാനാർഥിയുമായ കെ.കെ. ആനന്ദ് മോഹൻ പ്രസ്താവിച്ചു.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നെങ്കിലും ഞങ്ങൾ അത് കാര്യമാക്കുന്നില്ല. പത്തിൽ ഏഴുപേരും ടിവികെയുടെ വിസിൽ ചിഹ്നത്തിന് വോട്ടുചെയ്തു. വിജയ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരാൻ വേണ്ടിയാണ് ജനം വോട്ടുചെയ്തത്" എന്നദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന വിശ്വാസം വിജയ്-ക്കും ഉണ്ട്. ജനങ്ങളുടെയും അതേ ഉറപ്പ് കാണുന്നു. വോട്ടെണ്ണലിന് ശേഷം ചൊവ്വാഴ്ച ചെന്നൈയിൽ വിജയ് യോഗം വിളിച്ചിട്ടുണ്ട്. വിജയം ഉറപ്പാണെന്ന പ്രതീക്ഷയോടെ യോഗത്തിൽ പങ്കെടുക്കുമെന്ന് ആനന്ദ് മോഹൻ അറിയിച്ചു.
Photo and News Source: Asianet News










