കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി, ഭൂതത്താന്കെട്ട് ജലവൈദ്യുത പദ്ധതിയുടെ ചെലവിൽ 101 കോടിയുടെ പൊരുത്തക്കേട് വെളിപ്പെടുത്തി. കെഎസ്ഇബിയിലെ രണ്ട് ഉന്നത ഓഫീസുകളുടെ മറുപടികളിലാണ് ഈ വൈരുധ്യം കണ്ടെത്തിയത്. ചീഫ് എഞ്ചിനീയർ ഓഫീസിന്റെ 2025 ഓഗസ്റ്റ് 30-ലെ മറുപടി പ്രകാരം പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 231.21 കോടിയും, 2025 ജൂലൈ വരെയുള്ള ചെലവ് 191.40 കോടിയുമാണ്. എന്നാൽ, ഡയറക്ടർ (ജനറേഷൻ ആൻഡ് ഇലക്ട്രിക്കൽ) 2025 ഫെബ്രുവരി 18-ലെ മറുപടിയിൽ 293 കോടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് മറുപടികളിലും 101 കോടിയുടെ വ്യത്യാസം കണ്ടെത്തി.

2021 നവംബർ മുതലേ പദ്ധതി നിലച്ച നിലയിലാണ്. രേഖകൾ പ്രകാരം പദ്ധതിയുടെ പുരോഗതി 93.37 ശതമാനവും, കരാറുകാരന്റെ 30.65 കോടിയുടെ ബാങ്ക് ഗ്യാരണ്ടി കണ്ടുകെട്ടേണ്ടതുമുണ്ട്. പദ്ധതി നിലച്ചതിനെ തുടർന്നുള്ള മൊത്തം നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്. ഗ്രിഡ് ബന്ധിത സോളാർ പദ്ധതികളിൽ കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും വ്യക്തമാണ്. ഏറ്റുമാനൂരിൽ 2.48 കോടി ചെലവഴിച്ചിട്ടും പദ്ധതി പുരോഗതി പ്രാപിച്ചില്ല. മൈലാട്ടിയിൽ 1.58 കോടി നഷ്ടമുണ്ടായി. 6.68 കോടി ചെലവ് പ്രതീക്ഷിച്ച ഏറ്റുമാനൂരിലെ ഒരു മെഗാവാട്ട് സോളാർ പദ്ധതിക്കായി കരാറുകാർ വിതരണം ചെയ്ത സാധനങ്ങളുടെ വിലയ്‌ക്കും സംഭരണ ചാർജിനും 2.48 കോടി ചെലവായതായി വെളിപ്പെടുത്തി.

Photo and News Source: Janmabhumi