ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരം സംഭവിച്ച അപകടത്തിൽ സ്പൈസ് ജെറ്റ് വിമാനം അകാസ എയർ വിമാനവുമായി കൂട്ടിയിടിച്ചു. ടാക്സി ചെയ്യുന്നതിനിടെ റൺവേയിലൂടെ നീങ്ങിയ സ്പൈസ് ജെറ്റ് ബി 737 700 വിമാനം, പാർക്ക് ചെയ്തിരുന്ന അകാസ എയറിന്റെ ക്യു പി 1406 വിമാനത്തിൽ ഇടിച്ചു.
വിമാനങ്ങളുടെ വലത് ചിറകും ഹൊറിസോണ്ടൽ സ്റ്റെബിലൈസറും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽപ്പെട്ട അകാസ എയർ വിമാനം ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി തയ്യാറായിരുന്നുവെങ്കിലും നിർത്തിയിട്ടിരുന്നു. സംഭവത്തെത്തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്കുള്ള യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി അകാസ എയർ അറിയിച്ചു.
സ്പൈസ് ജെറ്റ് വിമാനം ഇപ്പോൾ ഡൽഹിയിൽ ഗ്രൗണ്ട് ചെയ്തിരിക്കുന്നു. സംഭവത്തെക്കുറിച്ച് ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. വിമാനങ്ങളുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Photo and News Source: Siraj Live



