ന്യൂ ഡൽഹി: വനിതാ സംവരണ ബില്ലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി. ഈ ബില്ല് പാർലമെന്റിൽ ചർച്ച ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ വിശേഷിപ്പിച്ചത്.

പ്രതിഭ പാട്ടീൽ, ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്പ്പ്’ ആണെന്ന് ഈ ബില്ലിനെ വിശേഷിപ്പിച്ചു. രാജ്യ ചരിത്രത്തിലെ ‘നാഴികക്കല്ലായ’ നാരീ ശക്തി വന്ദൻ അധിനിയം, ഭരണഘടനാ ഭേദഗതി വഴി നിയമനിർമ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം ശക്തിപ്പെടുത്തുമെന്നും ജനാധിപത്യ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും പറഞ്ഞു.

“ദേശീയ വികസനത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകൾ അസാധാരണമാണ്. ഈ നിയമം അവരുടെ നേതൃത്വത്തിനുള്ള വഴികൾ സ്ഥാപനവൽക്കരിക്കും” എന്ന് പ്രതിഭ പറഞ്ഞു. ചരിത്രപരമായ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്നും അവർ ചേർത്തു.

“ഗ്രാമീണ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ അഭിലാഷങ്ങളെ ജ്വലിപ്പിക്കുമെന്നും, അവരെ നേതൃപാടവം പിന്തുടരാനും രാഷ്‌ട്രനിർമ്മാണത്തിന് സംഭാവന നൽകാനും പ്രോത്സാഹിപ്പിക്കുമെന്നും ഉറപ്പുണ്ട്” എന്ന് പ്രതിഭ പറഞ്ഞു. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഈ ബില്ല് വലിയ മാറ്റം വരുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.

Photo and News Source: Janam TV