തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി, അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ “സേ’ പരീക്ഷാ മാതൃകയിൽ പുനപരീക്ഷ നടപ്പാക്കാൻ വിദ്യാഭ്യാസ നിലവാര സമിതി (ക്യൂ ഐ പി) തീരുമാനിച്ചു. വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികൾക്കായാണ് ഈ പരീക്ഷ.
ഈ മാസം 28 മുതൽ 30 വരെയുള്ള തീയതികളിലായിരിക്കും പരീക്ഷ. പരീക്ഷയ്ക്ക് മുന്നോടിയായി 20 മുതൽ 27 വരെയുള്ള ഒരാഴ്ച, അധ്യാപകർ പ്രത്യേക ക്ലാസ്സുകൾ നടത്തും. ശരിയായ രീതിയിൽ എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ പത്താം ക്ലാസ്സിൽ എ പ്ലസ് നേടുന്നു എന്ന വിമർശം ശക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് മിനിമം മാർക്ക് നിർബന്ധമാക്കിയത്.
കഴിഞ്ഞ വർഷം എട്ടാം ക്ലാസിലും, ഈ വർഷം ഒമ്പതാം ക്ലാസിലും ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാണ്. അഞ്ചാം ക്ലാസ് മുതൽ സേ പരീക്ഷ ഏർപ്പെടുത്തിയിരിക്കുന്നു. ഈ പുനപരീക്ഷ പൂർത്തിയാക്കിയ ശേഷം അടുത്ത മാസം രണ്ടിന് സ്‌കൂളുകളിലെ വാർഷിക പരീക്ഷാഫലം പ്രഖ്യാപിക്കും.
Photo and News Source: Siraj Live


