കൊച്ചി: നാടക-സിനിമാലോകത്തെ പ്രതിഭയായ പി.ജെ. ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) ബുധനാഴ്ച വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അരങ്ങിലായിരുന്നു മേരി പി.ജെ. ആന്റണിയുടെ നായികയായി. പിന്നീട് ജീവിതത്തിൽ കാമുകിയും ഭാര്യയുമായി. ആന്റണിയുടെ ഒട്ടുമിക്ക സർഗസൃഷ്ടികൾക്കും നിശ്ശബ്ദ സാന്നിധ്യമായിരുന്നു.

പാല സ്വദേശിയായ മേരി, പി.ജെ. ആന്റണിയുടെ 'ഇൻക്വിലാബിന്റെ മക്കൾ' എന്ന നാടകത്തിൽ വേഷമിടാൻ എത്തിയപ്പോൾ ഇരുവരും അടുത്തു. മേരിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം നടത്തി. മകൻ ജോസഫ് ആന്റണി. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ചടങ്ങുകൾക്കുശേഷം പള്ളി സെമിത്തേരിയിലെ പി.ജെ. ആന്റണിയുടെ കല്ലറയിൽ സംസ്കരിക്കും.

Photo and News Source: Janam TV