കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് പരിസരത്തും കപ്പലുകളിലും വീഡിയോ പകർത്തി സോഷ്യൾ മീഡിയയിൽ പങ്കുവെക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഉടൻ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.
'കവരത്തി' എന്ന കപ്പലിലെ ജീവനക്കാരൻ ഷിപ്പ്‌യാർഡിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചതോടെയാണ് നടപടി. 1923-ലെ 'ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്' പ്രകാരം ഈ പ്രദേശങ്ങൾ അതീവ സുരക്ഷാ പ്രാധാന്യമുള്ളവയാണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് പരിസരം കേരള സർക്കാർ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കപ്പലുകളിലോ, സി.എസ്.എൽ പരിസരത്തോ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ബർത്തുകളിലോ വീഡിയോ എടുക്കുന്നതും സോഷ്യൾ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടപടി ഉണ്ടാകും. കോർപ്പറേഷൻ ജനറൽ മാനേജർ കപ്പൽ മാസ്റ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ കപ്പലുകളിലെയും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ബോധവൽക്കരണം നൽകണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം.
Photo and News Source: Sathyam Online










