ന്യൂഡൽഹി: വനിതാ ട്വന്റി20 ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഷെഫാലി വര്‍മ. 20 വയസും 255 ദിവസവുമുള്ളപ്പോൾ തന്നെ ഈ നേട്ടം കൈവരിച്ച അവർ, അയർലൻഡിന്റെ ഗാബി ലൂയിസിന്റെ 23 വയസ്സ് 35 ദിവസം പ്രായമുള്ളപ്പോഴുള്ള റെക്കോർഡിനെ മറികടന്നു. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 18 റൺസ് മാത്രം കൂടിയാൽ 2000 എത്തുമായിരുന്നു. 43 റൺസ് നേടി ആ നേട്ടം പൂർത്തിയാക്കി. വനിത ട്വന്റി20യിൽ 2000 റൺസ് കടന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററുമാണ് ഷെഫാലി. സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ, മിതാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.

2019-ൽ 15-ാം വയസ്സിലാണ് ഷെഫാലി ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. വനിതാ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ച്വറി നേടിയ റെക്കോർഡും അവരുടെ പേരിലാണ്. വനിത ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയെ 82 റൺസിന് തോല്പിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് അടുക്കുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോലും നേടി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നിയൂസിലൻഡിനോട് ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ പിന്നീട് പാകിസ്താനെ പരാജയപ്പെടുത്തി. നാലാം മത്സരത്തിൽ ആസ്ട്രേലിയയാണ് എതിരാളി. ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമി ഫൈനലിലേക്ക് പ്രവേശനം.

Photo and News Source: Marunadan Malayali