കൊച്ചി: കഞ്ചാവിനെ നിയമവിധേയമാക്കണമെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കഞ്ചാവ് നിയമപരമായ ഉപയോഗം അനുവദിച്ചിട്ടുണ്ടെന്നും, അവിടെ കഞ്ചാവ് കഫേകളും നിയമപരമായ ഉപയോഗവും നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മദ്യപാനത്തേക്കാളും കഞ്ചാവ് കുറഞ്ഞ ശല്യമേ ഉണ്ടാക്കൂ. കരളിനെ നശിപ്പിക്കുന്നത് മദ്യമാണ്. അതിനാൽ കഞ്ചാവിനെ നിയമവിധേയമാക്കാൻ സർക്കാരിന് നോട്ട് സമർപ്പിച്ചു,’ എന്നദ്ദേഹം വ്യക്തമാക്കി.
റെസ്‌പോൺസിബിൾ ഡ്രിങ്കിങ് പോലെതന്നെ റെസ്‌പോൺസിബിൾ കഞ്ചാവടി പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കള്ളും വൈനും ബിയറും വ്യാപകമാക്കി രാസലഹരി ഉപയോഗം തടയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്നും, 230 കോടിയുടെ റോഡ് നിർമ്മിക്കാനുള്ള കരാർ 65 കോടി ലാഭമുണ്ടാക്കുന്ന രീതിയിൽ പാറമട വ്യവസ്ഥകൾ തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടറിമാർ ആറുമാസം ചായ കുടിക്കാൻ ആറു ലക്ഷം രൂപ ചെലവഴിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
Photo and News Source: Janam TV



