കോഴിക്കോട്: കാലിക്കറ്റ് ഫോറം ഫോർ ഐടി ഗവ. സൈബർപാർക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കാഫിറ്റ് പ്രീമിയർ ലീഗ് ബീച്ച് ക്രിക്കറ്റ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അയോകോഡ് ചാമ്പ്യന്മാരായി. ടൗൺ ബീച്ചിൽ മൂന്ന് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 35 ഐടി കമ്പനികളുടെ ടീമുകൾ മത്സരിച്ചു. പുരുഷ വിഭാഗത്തിൽ 29 ടീമുകളും വനിതാ വിഭാഗത്തിൽ 6 ടീമുകളും പങ്കെടുത്തു.
പ്രൊഫഷണൽ ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ടീമുകൾ പ്രകടനം കാഴ്ചവച്ചു. പുരുഷ വിഭാഗത്തിന്റെ ഫൈനലിൽ സൈബ്രോസിസും അയോകോഡും ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത സൈബ്രോസിസ് 114 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ അയോകോഡ് 120 റൺസ് നേടി 3 വിക്കറ്റിന് വിജയിച്ചു. വിധു പ്രസാദ് 65 റൺസ് നേടി പ്ലെയർ ഓഫ് ദി മാച്ചായി.
വനിതാ വിഭാഗത്തിന്റെ ഫൈനലിൽ ഈസിനർജി ടീം നുഓക്സ് ടെക്നോളജീസിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായി. ഈസിനർജി 60 റൺസ് നേടി. നുഓക്സ് 24 റൺസിൽ പുറത്തായി. വിസ്മയ ടി.കെ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അയോകോഡിലെ സാജൻ ബേസിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി.
Photo and News Source: Sathyam Online



