ന്യൂഡൽഹിയിൽ വച്ച് രാജ്യസഭാ എംപി രാഘവ് ഛദ്ദ തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം എ.എ.പി വിട്ട് ബിജെപിയില്‍ ചേരാനുള്ള കാരണങ്ങൾ വെളിപ്പെടുത്തി. നിലവിൽ എ.എ.പി ഒരു ‘വിഷലിപ്തമായ തൊഴിലിടമായി’ മാറിയെന്നും അവിടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലുള്ള മികച്ച കരിയർ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം, എ.എ.പിയുടെ സ്ഥാപകാംഗമായി 15 വർഷം നല്‍കിയതായി പറഞ്ഞു. രക്തവും വിയര്‍പ്പും ഒഴുക്കി പാർട്ടിയെ വളർത്തിയെങ്കിലും, ഇപ്പോൾ പാർട്ടിയില്‍ ആര്‍ക്കും സ്വതന്ത്രമായി സംസാരിക്കാനോ പ്രവർത്തിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാർലമെന്റില്‍ പ്രസംഗിക്കുന്നതിൽ നിന്ന് പോലും തന്നെ വിലക്കിയതായി ഛദ്ദ പറഞ്ഞു. രാജ്യം എന്നതിലുപരി സ്വന്തം താല്പര്യങ്ങൾക്ക് മുന്‍ഗണന നല്‍കുന്ന അഴിമതിക്കാരുടെ കൈപ്പിടിയിലാണ് പാർട്ടി ഇപ്പോൾ എന്നദ്ദേഹം കുറ്റപ്പെടുത്തി. പോസിറ്റീവ് രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഏഴ് എംപിമാര്‍ എ.എ.പി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ‘ഒരാള്‍ക്കോ രണ്ടുപേര്‍ക്കോ തെറ്റ് സംഭവിക്കാം, എന്നാല്‍ ഏഴ് എംപിമാര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല. തൊഴിലിടം ശ്വാസം മുട്ടിക്കുന്നതായാല്‍ അവിടെ തുടരാനാകില്ല’ എന്നദ്ദേഹം നിരീക്ഷിച്ചു.
Photo and News Source: Janam TV



