ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം അവസാനത്തോടെ കരാർ പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

കരാർ പ്രാബല്യത്തിലാകുന്നതിന് മുന്പ് ന്യൂസിലൻഡ് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. വിദേശകാര്യ, പ്രതിരോധ, വ്യാപാര സമിതി കരാർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. പൊതുജനാഭിപ്രായവും പരിഗണിക്കപ്പെടും. ഈ നടപടികൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുത്തേക്കും.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ച ന്യൂസിലൻഡ് കയറ്റുമതിക്കാർക്ക് വലിയ അവസരങ്ങൾ തുറന്നുകൊടുക്കും. 140 കോടി ജനങ്ങളുള്ള ഇന്ത്യൻ വിപണിയിൽ പ്രവേശനം ലഭിക്കുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവിച്ചു. 2025 മാർച്ചിലാണ് ചർച്ചകൾ പുനരാരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി.

കരാർ പ്രാബല്യത്തിലാകുന്നതോടെ ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 8,284 ഉൽപ്പന്നങ്ങൾക്ക് നികുതി ഒഴിവാകും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, യന്ത്രസാമഗ്രികൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള കരാർ പൂർത്തീകരണം ശ്രദ്ധേയമാണ്. ന്യൂസിലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളും ഈ കരാറിനെ പിന്തുണയ്ക്കുന്നു.

Photo and News Source: Siraj Live