ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ രൂപവത്കരിക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനത്തിന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന അംഗീകാരം നൽകി. തിങ്കളാഴ്ചയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സാൻസ്‌കർ, ഡ്രാസ്സ്, ഷാം, ന്യൂബ്ര, ചാങ്തങ് എന്നീ പേരുകളിലാണ് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്.

ലഡാക്കിന് ചരിത്രദിനമായി മാറിയ ഈ തീരുമാനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന ദർശനവുമായി പൊരുത്തപ്പെടുന്നതാണ്. 2024 ഓഗസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഈ തീരുമാനം അംഗീകരിച്ചിരുന്നു. അടിസ്ഥാന തലത്തിലുള്ള ഭരണം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് പൊതുസേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.

പുതിയ ജില്ലകൾ രൂപീകരിക്കുന്നത്, ഭരണകൂടവും പൗരന്മാരും കൂടുതൽ അടുക്കാൻ സഹായിക്കുമെന്നും, വളർച്ച, തൊഴിൽ, സംരംഭകത്വം എന്നിവയ്ക്ക് പുതിയ വഴികൾ തുറക്കുമെന്നും ഗവർണർ സക്‌സേന വ്യക്തമാക്കി. ഈ തീരുമാനം ലഡാക്കിന്റെ ഭാവിയെ കൂടുതൽ ശോഭനവും സമ്പന്നവുമാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു. 2019-ൽ ജമ്മു-കശ്മീരിന് പ്രത്യേകപദവി നീക്കിയതിനെത്തുടർന്നാണ് ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്.

Photo and News Source: Mathrubhumi