സുപ്രീം കോടതി ഒരു നിർണായക നിരീക്ഷണം നടത്തിയിരിക്കുന്നു. ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് ഒരാള്‍ സ്വമേധയാ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്‌നയുടെ അഭിപ്രായപ്രകാരം, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളുടെ അവസാനവും ബലാത്സംഗമോ മറ്റ് ക്രിമിനല്‍ കുറ്റമോ ആകില്ല.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു യുവതി നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചു. പ്രായപൂര്‍ത്തിയായവര്‍ ഇത്തരത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍, ആ ബന്ധങ്ങളില്‍ അപകടസാധ്യതകള്‍ ഉണ്ടെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. പരസ്പര സമ്മതപ്രകാരമുള്ള ലിവിങ്-ടുഗെതര്‍ ബന്ധങ്ങളും ക്രിമിനല്‍ ലൈംഗിക അതിക്രമങ്ങളും തമ്മിലുള്ള വ്യക്തമായ വ്യത്യാസം കോടതി എടുത്തുപറഞ്ഞു.

യുവതിക്ക് 18 വയസ്സുള്ളപ്പോഴാണ് പ്രതി പരിചയപ്പെട്ടതെന്നും, വിവാഹവാഗ്ദാനം നല്‍കിയെന്നുമാണ് ഹരജിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രതിക്ക് അന്ന് തന്നെ നാല് ഭാര്യമാരുണ്ടായിരുന്നുവെന്ന വിവരം കോടതി മുന്നോട്ട് വെച്ചു. ബന്ധങ്ങളിലെ അനിശ്ചിതത്വങ്ങളുടെ ഭാഗമായി ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതായി ജസ്റ്റിസ് നാഗരത്‌ന സൂചിപ്പിച്ചു.

Photo and News Source: Siraj Live