മണിപ്പൂരിൽ ബിഷ്ണുപൂരിലെ വീട്ടിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് മെയ്‌തേയ് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പ്രതിഷേധം ആളിക്കത്തി. ശനിയാഴ്ച ‘കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി’ സംഘടിപ്പിച്ച വന്‍ റാലി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇംഫാല്‍ ഈസ്റ്റിലും വെസ്റ്റിലും നിന്നുള്ള റാലി മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് പോകുന്നതിനിടെ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിക്കാൻ പോലീസ് തടഞ്ഞു.

കേയ്ഷാംപാറ്റ്, ലംലോംഗ്, ഇമ കെയ്തല്‍, സിംഗ്ജമേയ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രക്ഷോഭകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇംഫാലിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി ആവശ്യപ്പെട്ടാണ് തങ്ങള്‍ തെരുവിലിറങ്ങിയതെന്ന് കോകോമി വക്താക്കള്‍ പ്രസ്താവിച്ചു. സമാധാന ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ എന്ന് മുഖ്യമന്ത്രി യമ്‌നം ഖേംചന്ദ് സിംഗ് സൂചിപ്പിച്ചു. നിലവിലെ അശാന്തി സാധാരണക്കാരുടെ ജീവിതത്തെയും വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ട്.

Photo and News Source: Sathyam Online