കണ്ണൂരിലെ അഞ്ചരക്കണ്ടി ദന്തവിദ്യാലയത്തിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെ തുടർന്ന് സംസ്ഥാനവ്യാപക ഹർത്താലിന് ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വം നൽകുന്നു. നാളെ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ നീണ്ടുനിൽക്കുന്ന ഹർത്താലിന് 60-ലധികം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.

നിതിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും കാമ്പസ് ഹരാസ്മെന്റിന്റെ ഫലമാണെന്നുമാണ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നത്. ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ഹർത്താലിനെ ബന്ദായി മാറ്റുമെന്നും റോഡിലെ സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. വ്യാപാരികളും കടകമ്പോളങ്ങളും അടച്ച് പൂർണ്ണ സഹകരണം നൽകണമെന്നും ആവശ്യപ്പെട്ടു. അതേസമയം, അത്യാവശ്യ സേവനങ്ങൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള പിന്നാക്ക സമുദായ മുന്നണി ഉൾപ്പെടെ നിരവധി സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Photo and News Source: Siraj Live