കളമശ്ശേരിയിൽ വച്ച് നടന്ന ഒരു അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുത്ത ജസ്റ്റിസ് എൻ. നഗരേഷ്, ലോകത്തിലെ ഏറ്റവും കൂടുതൽ ഭീകരവാദ ആക്രമണങ്ങളുള്ള രാജ്യമായി ഇന്ത്യയെ വിശേഷിപ്പിച്ചു.
1993 മുതൽ 2025 വരെയുള്ള കാലയളവിൽ നടന്ന ഭീകരവാദ ആക്രമണങ്ങളുടെയും മരണങ്ങളുടെയും കണക്കുകൾ അദ്ദേഹം അവതരിപ്പിച്ചു. നിരപരാധികളാണ് കൂടുതലായും ഇരയായത്. സ്വയം രക്ഷിക്കാനുള്ള ശ്രമം നടത്താത്തവരെ രക്ഷിക്കാൻ ദൈവത്തിനും കഴിയില്ലെന്ന അടിസ്ഥാന തത്ത്വം മറന്നതാണ് വിദേശ ആക്രമണങ്ങൾക്ക് ഇന്ത്യ ഇരയാവാൻ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭീകരവാദികൾക്കുവേണ്ടി വാദിക്കുന്ന ചില സംഘടനകളും മാധ്യമങ്ങളും ഉണ്ടെന്നത് വേദനിപ്പിക്കുന്നതാണെന്നും, എന്നാൽ ഇന്ത്യാ സർക്കാർ ഭീകരവാദത്തിനെതിരെ സീറോ ടോളറൻസ് നയം സ്വീകരിച്ച് ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.
ഭാരത സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് കശ്മീരിൽ വിനോദസഞ്ചാരം വർധിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കല്ലെറിഞ്ഞ കൈകളിൽ ലാപ്‌ടോപ്പ് വരുന്ന കാലം അടുത്തെത്തിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ മുന്‍ ഡിഎഫ്ഒ ഡോ. എൻ.സി. ഇന്ദുചൂഡൻ അധ്യക്ഷനായിരുന്നു.
Photo and News Source: Janmabhumi



