ഡൽഹി: പസഫിക് സമുദ്ര മേഖലയിലെ ചെറു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാകുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ് വാനുവാട്ടു, തുവാലു സന്ദർശിച്ചതിലൂടെ ഈ നീക്കം വ്യക്തമായി. 'ആക്ട് ഈസ്റ്റ്' നയത്തിന്റെ ഭാഗമായി, പസഫിക് ദ്വീപ് രാജ്യങ്ങളെ തന്ത്രപ്രധാന പങ്കാളികളായാണ് ഇന്ത്യ കാണുന്നത്.
വാനുവാട്ടു പ്രധാനമന്ത്രി ജോതം നപറ്റുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിറ്റൽ വികസനം, കാലാവസ്ഥാ പ്രതിരോധം, സാമ്പത്തിക സഹകരണം എന്നിവ ചർച്ച ചെയ്തു. ഇന്ത്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഇൻഫർമേഷൻ ടെക്നോളജി' മന്ത്രി സന്ദർശിച്ചു. ഇവിടെ കൂടുതൽ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നൽകുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു.
'ഹീൽ ഇൻ ഇന്ത്യ' പദ്ധതിയിൽ വാനുവാട്ടുവിലെ 10 രോഗികൾക്ക് ഇന്ത്യയിൽ ചികിത്സ ലഭിക്കും. ഭക്ഷ്യധാന്യ സഹായവും പ്രഖ്യാപിച്ചു. തുവാലുവിൽ ഗവർണർ ജനറൽ സർ ടോഫിംഗ വെയ്വാലു ഫലാനിയും ആക്ടിംഗ് പ്രധാനമന്ത്രി പോൾസൺ പനാപുമായും മന്ത്രി ചർച്ച നടത്തി. സമുദ്രനിരപ്പ് ഉയർച്ച മൂലമുള്ള ഭീഷണി നേരിടുന്ന തുവാലുവിന് ഇന്ത്യയുടെ പിന്തുണ നിർണ്ണായകമാണ്.
തുവാലുവിന് 'സീ ആംബുലൻസ്' നൽകുമെന്നും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് ധനസഹായം നൽകുമെന്നും ഇന്ത്യ പ്രഖ്യാപിച്ചു. പ്രിൻസസ് മാർഗരറ്റ് ആശുപത്രി സന്ദർശിച്ച മന്ത്രി ആരോഗ്യ മേഖലയിലും സാങ്കേതിക സഹായം ഉറപ്പിച്ചു.
Photo and News Source: Sathyam Online



