ന്യൂഡൽഹിയിൽ വെച്ച് 83-ാം വയസ്സിൽ പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. പഞ്ചാബിൽ 1942-ൽ ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറിംഗിനുശേഷം ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. 1966-ൽ ‘ദി സ്റ്റേറ്റ്‌സ്മാൻ’ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കാൻ തുടങ്ങി.

പിന്നീട് ‘ഇന്ത്യ ടുഡേ’ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രവർത്തിച്ചു. അന്താരാഷ്ട്ര തലത്തിൽ ടൈം, ലൈഫ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഹെൻറി കാർട്ടിയർ ബ്രെസ്സന്റെ ശിഷ്യനായിരുന്ന അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും പ്രതിഫലിപ്പിക്കുന്ന ഒട്ടനവധി ചിത്രങ്ങൾ രചിച്ചു.

ഭോപ്പാൽ വാതക ദുരന്തത്തിലുണ്ടായ കുട്ടിയുടെ ചിത്രം ലോകത്തെ ഉണർത്തിയിരുന്നു. ഇന്ദിരാഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ ജീവിതത്തിന്റെ സുപ്രധാന നിമിഷങ്ങളും അദ്ദേഹം ക്യാമറയിൽ പകർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ‘സൃഷ്ടിപരമായ അതികായൻ’ എന്ന് വിശേഷിപ്പിച്ചു.

ഫോട്ടോഗ്രാഫി ലോകത്തിനും സാംസ്കാരിക ലോകത്തിനും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ അര്‍ബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ അന്തരിച്ചു.

Photo and News Source: Janam TV