ടെഹ്റാനിൽ നിന്നും അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ എത്തിയ ഇറാൻ ഉന്നത സംഘം മടങ്ങിയത് കനത്ത സുരക്ഷാ ഭീഷണിയിലായിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് സംഘം തങ്ങളുടെ വിമാനം ആക്രമിക്കപ്പെടുമെന്ന ഭീഷണി നേരിട്ടു. തുടർന്ന് യാത്രാമധ്യേ വിമാനം മാറി, മശ്ഹദിൽ അടിയന്തര ഇറക്കം നടത്തി. അവിടെ നിന്ന് കാറിലും ബസ്സിലും ട്രെയിനിലുമായി ടെഹ്റാനിലേക്ക് തിരിച്ചു.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ് എന്നിവരടങ്ങിയ സംഘമായിരുന്നു ചർച്ചകൾക്കായി എത്തിയത്. പത്ത് വർഷത്തിന് ശേഷമുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. എന്നാൽ പുരോഗതി ഉണ്ടായില്ല. അമേരിക്കയെ വിശ്വസിക്കാനാകില്ലെന്നും അടുത്ത യുദ്ധത്തിനായി രാജ്യം തയ്യാറെടുക്കുന്നതായും രാഷ്ട്രീയ നിരീക്ഷകൻ മുഹമ്മദ് മരാണ്ടി വ്യക്തമാക്കി.

ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ഈ ആഴ്ച അവസാനം വീണ്ടും രണ്ടാം ഘട്ട ചർച്ചകൾ ഇസ്ലാമാബാദിൽ നടക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ഇരു രാജ്യങ്ങളുമായും ആശയവിനിമയം നടത്തുന്നുണ്ട്. യു.എസ്. ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Siraj Live