പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് സമീപിക്കുമ്പോൾ, മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പൂർണ്ണ പരാജയമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. സംസ്ഥാനത്തെ അമ്മമാർ കരയുകയാണെന്നും, മണ്ണ് നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 വർഷത്തെ ഭരണത്തിൽ സംസ്ഥാനത്തെ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ എണ്ണിയെണ്ണി പറഞ്ഞ മോദി, ആർ ജി കർ മെഡിക്കൽ കോളേജ് സംഭവം, കാംദുനി കൂട്ടബലാത്സംഗം തുടങ്ങിയ സംഭവങ്ങൾ ഉയർത്തിക്കാട്ടി. തൃണമൂൽ നേതാക്കൾ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നും, സർക്കാർ ഇരകളെയാണ് വേട്ടയാടുന്നതെന്നും അദ്ദേഹം വിമർശിച്ചു. തൃണമൂൽ ഭരണത്തിൽ ബംഗാൾ അധഃപതിച്ചുവെന്നും, ഇതെതിരെ ബംഗാളിലെ സഹോദരിമാർ പ്രതികരിക്കാൻ തയ്യാറെടുത്തുവെന്നും മോദി അവകാശപ്പെട്ടു.

ജൂൺ നാലിന് ഫലം പുറത്തുവരുന്നതോടെ ഓരോ അക്രമിയും അഴിമതിക്കാരനും കണക്ക് പറയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, മമതയുടെ ജനപ്രിയ പദ്ധതികളായ ലക്ഷ്മിർ ഭണ്ഡാർ, കന്യാശ്രീ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

Photo and News Source: Malayalam Express