തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തുറസ്സായ സ്ഥലങ്ങളിൽ നില്ക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശം വരുത്തുന്നു. പൊതുജനങ്ങൾ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്ക്കാതിരിക്കുക. കെട്ടിടത്തിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗം ഒഴിവാക്കുക.

Photo and News Source: Samakalika Malayalam