തൃശ്ശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തില്‍ വെട്ടിക്കുറച്ച ചടങ്ങുകള്‍ക്കിടയിലും പൂരപ്രേമികളുടെ ആവേശം തണുത്തില്ല. ഒന്നര മണിക്കൂറ് നീണ്ട കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കിയെങ്കിലും, തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും കുടമാറ്റം ഹര്‍ഷത്തോടെ സ്വീകരിച്ചു. പല നിറങ്ങളുള്ള പരമ്പരാഗത കുടകളാണ് ദേവസ്വങ്ങൾ ഉയർത്തിയത്. തേക്കിന്‍കാട് മൈതാനത്തില്‍ ജനക്കൂട്ടം നിറഞ്ഞു നിന്നു. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6. 20-ന് അവസാനിച്ചു. സമയം കുറഞ്ഞതിനാല്‍ പെട്ടെന്നുള്ള കുടമാറ്റങ്ങളില്‍ പതിനായിരങ്ങള്‍ ആരവം ഉയര്‍ത്തി. നേരത്തെ ഇലഞ്ഞിത്തറമേളം പൂര്‍ത്തിയാക്കിയിരുന്നു.
വടക്കുന്നാഥ ക്ഷേത്രത്തില്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേള പ്രമാണിയായി. ആയിരങ്ങള്‍ ചൂടിനെ അവഗണിച്ച് മേളം കാണാനെത്തി. തിരുവമ്പാടിയുടെ മഠത്തില്‍വരവിനുശേഷം പഞ്ചവാദ്യം പൂര്‍ത്തിയാക്കി മേളം ആരംഭിച്ചു.
Photo and News Source: Samakalika Malayalam



