വാഷിങ്ടൺ ഡി.സി.യിലെ പ്രശസ്തമായ ഹിൽട്ടൺ ഹോട്ടലിലാണ് ട്രംപിനുനേരെ വെടിവെപ്പുണ്ടായത്. 1981-ൽ റൊണാൾഡ് റീഗന് നേരെ ഇതേ ഹോട്ടലിൽ നടന്ന വധശ്രമം ഓർമ്മിപ്പിക്കുന്ന സംഭവമാണിത്. നാല് പതിറ്റാണ്ടുകൾക്ക് ശേഷം അതേ സ്ഥലത്ത് വീണ്ടും പ്രസിഡന്റിനെതിരെ നടന്ന അക്രമം ജനങ്ങളെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി.

1981 മാർച്ച് 30-നായിരുന്നു റീഗന് നേരെയുണ്ടായ ആക്രമണം. പ്രസംഗം കഴിഞ്ഞ് ഹോട്ടലിൽ നിന്ന് ഇറങ്ങുകയായിരുന്ന റീഗനെ ജോൺ ഹിൻക്ലി ജൂനിയർ വെടിയുതിർക്കുകയായിരുന്നു. ഒരു വെടിയുണ്ട കാറിൽ തട്ടി റീഗന്റെ നെഞ്ചിൽ പതിച്ചു. പരിക്കേറ്റ അദ്ദേഹത്തെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. റീഗൻ പിന്നീട് സുഖം പ്രാപിച്ചെങ്കിലും പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡിക്ക് മസ്തിഷ്കാഘാതം സംഭവിക്കുകയും ദീർഘകാലം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരികയും ചെയ്തു. 2014-ൽ ബ്രാഡി മരണമടഞ്ഞു.

'ടാക്സി ഡ്രൈവർ' എന്ന സിനിമയോടും നടി ജോഡി ഫോസ്റ്ററോടുമുള്ള മാനസികമായ അഭിനിവേശമായിരുന്നു ഹിൻക്ലിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. ഈ സംഭവത്തെ തുടർന്ന് ഹോട്ടലിനെ 'ഹിൻക്ലി ഹിൽട്ടൺ' എന്ന വിളിപ്പേരിൽ അറിയാൻ തുടങ്ങി. ശനിയാഴ്ച വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് ട്രംപിനെതിരെ വെടിവെപ്പുണ്ടായത്. പരിപാടിയുടെ അവസാനത്തിലാണ് അക്രമി വെടിയുതിർക്കുന്നത്. വെടിയൊച്ച കേട്ട ഉടൻതന്നെ പ്രസിഡന്റിനെ സംരക്ഷിക്കാൻ നടപടിയെടുത്തു.

Photo and News Source: Mathrubhumi