ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയിൽ ചേരുന്ന രാജ്യസഭാ എം.പി ഹർഭജൻ സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആർ.പി.എഫ് സുരക്ഷ അനുവദിച്ചു. ജലന്ധറിലെ ഹർഭജന്റെ വസതിക്ക് മുന്നിൽ എ.എ.പി പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് ശേഷമാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, രാഘവ് ചദ്ദയ്‌ക്കൊപ്പം എ.എ.പിയിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ ആറ് എം.പിമാരിൽ ഒരാളാണ്. ഇനി മുതൽ ഡൽഹിയിലും പഞ്ചാബിലും സി.ആർ.പി.എഫ് കമാൻഡോകളുടെ സുരക്ഷ ലഭിക്കും. ഹർഭജന് നൽകിയിരുന്ന പഞ്ചാബ് പോലീസിന്റെ പത്തോളം ഉദ്യോഗസ്ഥരടങ്ങുന്ന സുരക്ഷാ സംവിധാനം ശനിയാഴ്ച സംസ്ഥാന സർക്കാർ പിൻവലിച്ചു.
ഞായറാഴ്ച മുതൽ ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ സി.ആർ.പി.എഫ് സേന വിന്യസിച്ചു. ഹർഭജൻ സിംഗ് ബി.ജെ.പിയിലേക്ക് ചേരുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിന്റെ മതിൽക്കെട്ടിൽ ‘ഗദ്ദാർ’ (ചതിയൻ) എന്ന് എ.എ.പി പ്രവർത്തകർ സ്‌പ്രേ പെയിന്റ് അടിച്ചു. ഹർഭജനെ കൂടാതെ പാർട്ടി വിട്ട അശോക് മിത്തൽ, രാജീന്ദർ ഗുപ്ത എന്നിവരുടെ വീടുകളിലും പഞ്ചാബിൽ പ്രതിഷേധം നടന്നു.
എം.പിമാരുടെ കൂട്ടംകൊഴിഞ്ഞുപോക്കിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഈ ഏഴ് നേതാക്കളെയും ‘ചതിയന്മാർ’ എന്ന് വിളിച്ചിരുന്നു. രാജ്യസഭയിലെ എ.എ.പിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം രാഘവ് ചദ്ദയും പാർട്ടി നേതൃത്വവും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നു.
Photo and News Source: Janam TV



