തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനാൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം. വരുന്ന ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്.

പാലക്കാടും പുനലൂരിലും ഏറ്റവും ഉയർന്ന 39.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 35.1 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. ഇടുക്കിയിലും വയനാട്ടിലും താരതമ്യേന തണുപ്പ് നിലനിന്നു.

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതുണ്ട്. രാവിലെ 10 മുതൽ ഉച്ച 3 വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം. യാത്രാവേളയിൽ കുടിവെള്ളം കൈയ്യിൽ കരുതണം.

വയോധികർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ വെയിലത്ത് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. തൊഴിലാളികളുടെ ജോലി സമയത്തും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ചൂട് ഇതേ നിലയിൽ തുടരാനാണ് സാധ്യത.

Photo and News Source: Janam TV